ന്യൂഡൽഹി ∙ ഇന്ത്യ ഏതെങ്കിലും രാജ്യത്തെ ആക്രമിച്ച ചരിത്രമില്ലെന്നും ആരുടെയും ഭൂമി കവർന്നെടുക്കാൻ ഇന്ത്യയ്ക്ക് ആഗ്രഹമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം, രാജ്യരക്ഷയ്ക്കായുള്ള പോരാട്ടത്തിൽ ഏറെ ഇന്ത്യക്കാർ ജീവത്യാഗം ചെയ്തിട്ടുണ്ടെന്നു മോദി ഓർമിപ്പിച്ചു. രണ്ടു ലോകമഹായുദ്ധങ്ങളിലായി ഒന്നരലക്ഷം ഇന്ത്യൻ സൈനികരാണു രക്തസാക്ഷികളായതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി ഇന്ത്യക്കാർ വിദേശരാജ്യങ്ങളിൽ രാഷ്ട്രീയത്തിൽ ഇടപെടുകയോ വിദേശഭൂമി കയ്യടക്കാൻ ശ്രമിക്കുകയോ ചെയ്യാറില്ല. സാമൂഹിക നന്മയെന്ന തത്വം അനുസരിച്ചാണു പ്രവാസി ഇന്ത്യക്കാർ വിദേശ സമുദായങ്ങളുമായി ഇടപഴകുന്നത്. ചില രാജ്യങ്ങളിൽ ഇന്ത്യൻ എംബസികളെക്കാൾ ശക്തമായ ഇന്ത്യൻ സമൂഹങ്ങളുണ്ട്. അവിടത്തെ ജനങ്ങളിൽ ഇന്ത്യയെക്കുറിച്ചുള്ള അജ്ഞതയും ഭയവും മാറ്റുന്നത് ഇന്ത്യൻ സമൂഹമാണ്. യെമൻ ഉൾപ്പെടെയുള്ള കലാപഭൂമികളിൽനിന്ന് ഇന്ത്യക്കാരെയും മറ്റു രാജ്യക്കാരെയും രക്ഷിക്കുന്നതിലും നേപ്പാളിൽ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിലും വിദേശകാര്യമന്ത്രാലയം വഹിച്ച പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. മാനുഷിക സഹായങ്ങൾ നൽകുന്നതിൽ ഇന്ത്യയുടെ സംഭാവന ലോകം അംഗീകരിച്ചുകഴിഞ്ഞു.

വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ പാരമ്പര്യവും ഉൽസവങ്ങളും ഭാഷയും നിലനിർത്താൻ പ്രവാസി ഇന്ത്യക്കാർക്കു കഴിഞ്ഞതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

Advertisement

 
Top