ശ്രീനഗർ ∙ കശ്മീരിൽ സൈനിക ക്യാംപിനു നേരെ രാത്രി ഭീകരാക്രമണം. രണ്ടു ഭീകരരെ വധിച്ചെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. മൂന്നു സൈനികർക്കും ഒരു ബിഎസ്എഫ് ജവാനും പരുക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.

ബാരാമുല്ല ജില്ലയിൽ 46 രാഷ്ട്രീയ റൈഫിൾസ്  ക്യാംപിനു നേരെ ഇന്നലെ രാത്രി പത്തരയോടെയാണു ഭീകരർ വൻ വെടിവയ്പ് ആരംഭിച്ചത്. ഭീകരർ ആറു പേർ ഉണ്ടായിരുന്നതായാണു വിവരം.

ക്യാംപിന്റെ രണ്ടു വശത്തുനിന്നും ഗ്രനേഡുകൾ എറിഞ്ഞായിരുന്നു ആക്രമണം. സർ‌വസജ്ജരായിരുന്ന സൈനികർ ഉടൻ തിരിച്ചടിക്കുകയും ഭീകരർക്കു നേരെ വെടിയുതിർക്കുകയും ചെയ്തു.

ഭീകരർക്കു ക്യാംപിനുള്ളിൽ കടക്കാനായില്ല.  അതിർത്തിയിലെ ബിഎസ്എഫ് പോസ്റ്റിനു നേരെയും ഭീകരർ ആക്രമണം നടത്തി.  ഝലം നദി കടന്നാണു ഭീകരർ എത്തിയത്. ബിഎസ്എഫ് മേധാവി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സ്ഥിതിഗതികൾ ചർച്ചചെയ്തു.

ഇതിനിടെ, ഗുജറാത്തു കടലിൽ സുരക്ഷാ പരിശോധനയ്ക്കിടെ പാക്കിസ്ഥാനിൽനിന്നുള്ള ബോട്ട് തീരരക്ഷാസേന പിടി കൂടി. ബോട്ടിലുണ്ടായിരുന്ന ഒൻപതുപേരെ കസ്റ്റഡിയിലെടുത്തു. പാക്കിസ്ഥാനിൽനിന്നുള്ള മീൻപിടിത്തക്കാരാണെന്നാണു പ്രാഥമിക നിഗമനമെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ പോർബന്തറിലേക്കു മാറ്റി. പോർബന്തർ പൊലീസിനു കൈമാറിയ ശേഷമാവും കൂടുതൽ അന്വേഷണങ്ങൾ. ബോട്ടും പോർബന്തർ തീരത്തെത്തിച്ചു.

പാക്ക് അധിനിവേശ കശ്മീരി (പിഒകെ)ൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നൽ തിരിച്ചടിക്കുശേഷം ഗുജറാത്തു തീരത്തു സുരക്ഷാസന്നാഹങ്ങൾ ശക്തമാക്കിയിരുന്നു. ഇന്ത്യ പിടിച്ചെടുത്ത ബോട്ടിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി പാക്ക് നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ത്യൻ അധികൃതരെ സമീപിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെയാണു കടലിൽ ചുറ്റിത്തിരിയുകയായിരുന്ന പാക്ക് ബോട്ട്, തീരരക്ഷാസേനയുടെ കപ്പലായ സമുദ്ര പാവക്കിന്റെ നിരീക്ഷണത്തിൽ പെടുന്നത്. ബോട്ടിനെ കപ്പലിലെ കോസ്റ്റ് ഗാർഡ് പിന്തുടർ‍ന്നു പിടിക്കുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി ബോട്ട് പോർബന്തറിലേക്കു തിരിച്ചുവിടുകയായിരുന്നെന്നു കോസ്റ്റ് ഗാർഡ് പിആർഒ വിങ് കമാൻഡർ അഭിഷേക് മതിമാൻ അറിയിച്ചു.

കച്ച്, ബനസ്കന്ത, പട്ടൻ എന്നീ മൂന്നു ജില്ലകളാണു ഗുജറാത്തിൽ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്നത്. ഗുജറാത്തു കടലിൽ കച്ച് മേഖലയിൽ പാക്കിസ്ഥാനുമായി മുന്നൂറിലധികം കിലോമീറ്റർ രാജ്യാന്തര അതിർത്തിയാണുള്ളത്. റാൻ ഓഫ് കച്ച് ആർക്കും വളരെ പെട്ടെന്നു കയറിവരാൻ പറ്റാത്ത ചതുപ്പായതിനാൽ കടലിലായിരുന്നു പഴുതടച്ച സുരക്ഷ ഏർപ്പെടുത്തിയിരുന്നത്.

സംസ്ഥാനത്തിനു മാത്രം ആയിരത്തഞ്ഞൂറോളം കിലോമീറ്റർ കടൽത്തീരമുള്ളതിനാൽ വലിയ സുരക്ഷാസന്നാഹങ്ങളാണു കോസ്റ്റ് ഗാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. 2008ലെ മുംബൈ ആക്രമണത്തിനു വഴിതെളിച്ച ഭീകരർ എത്തിയതും ഗുജറാത്തു പുറങ്കടൽ വഴിയായിരുന്നു എന്നതിനാൽ മേഖലയിലെ ഏതു കപ്പൽ, ബോട്ട് നീക്കവും കോസ്റ്റ് ഗാർഡ് നിരീക്ഷണ വിധേയമാക്കുന്നുണ്ട്. കോസ്റ്റ് ഗാർഡിനു പുറമേ സായുധരായ ഇരുന്നൂറ്റമ്പതോളം മറീൻ പൊലീസ് കമാൻഡോകളെയും സംസ്ഥാന സർക്കാർ തീരത്തു വിന്യസിച്ചിട്ടുണ്ട്.

Advertisement

 
Top