കൊച്ചി: പ്രതീക്ഷകളുടെ ഇന്ധനം നിറച്ച് ബ്ലാസ്റ്റേഴ്‌സ് എന്ന പേടകം ഇതാ വിക്ഷേപണത്തിന് തയ്യാര്‍. ആവനാഴിയിലെ ആയുധങ്ങളില്‍ സൂര്യഗോളത്തോളം പ്രഭയുള്ള സൂപ്പര്‍ താരങ്ങളില്ല. സംഘശക്തിയുടെ കരുത്തില്‍ പ്രഭ പരത്താന്‍ കഴിയുന്ന നക്ഷത്രങ്ങളിലാണ് എല്ലാ വിശ്വാസവും. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ വിജയത്തിന്റെ ഭ്രമണപഥത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ് കുതിച്ചുയരുമെന്ന പ്രതീക്ഷയില്‍ കായിക കേരളം ഇന്ന് കൊച്ചിയുടെ കളിമുറ്റത്തേക്കൊഴുകും.
ഏറെക്കുറെ 'അജ്ഞാതശക്തി'കളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആദ്യ അങ്കത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. മാര്‍ക്വീ താരങ്ങള്‍ ഇല്ലാതെയാണ് ഇരു ടീമുകളും ആദ്യ അങ്കത്തിന് മുഖാമുഖം വരുന്നത്. പരിക്കുമൂലമാണ് ബ്ലാസ്റ്റേഴ്‌സ് മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേനയും നോര്‍ത്ത് ഈസ്റ്റ് മാര്‍ക്വീ താരം സിമാവോ സബ്രോസയും ആദ്യ മത്സരത്തിനില്ലാത്തത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിക്കാണ് കിക്കോഫ്.
പ്രതിരോധത്തിലെ വിള്ളലുകള്‍ പ്രത്യക്ഷപ്പെടരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍. രണ്ടാം സീസണിലെ ആദ്യ അങ്കത്തിനിറങ്ങുന്നത്. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ മാര്‍ക്വീ താരം സ്‌പെയിനിന്റെ കാര്‍ലോസ് മര്‍ച്ചേനയുടെ അഭാവം പ്രതിരോധത്തില്‍ ആശങ്കയുണര്‍ത്തുന്നുണ്ടെന്ന് ഉറപ്പ്. കോച്ച് ടെയ്‌ലറുടെ ശരീരഭാഷയില്‍ അത് വ്യക്തമാണ്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായ സന്ദേശ് ജിംഗാനും ആദ്യ മത്സരത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ പ്രതിരോധത്തില്‍ 'പണി' കിട്ടുമോയെന്ന പേടിയിലാണ് ബ്ലാസ്റ്റേഴ്‌സ്. പരിശീലന മത്സരത്തില്‍ മികവ് കാട്ടിയ ബ്രസീല്‍ താരം ബ്രൂണോ പെറോണും ഇംഗ്ലീഷ് താരം പീറ്റര്‍ റെമഗെയും അവസരത്തിനൊത്തുയരുമെന്ന കോച്ച് പീറ്റര്‍ ടെയ്‌ലറുടെ വാക്കുകളില്‍ വിശ്വസിച്ച് ആരാധകര്‍ക്ക് കാത്തിരിക്കാം. ഇന്ത്യന്‍ താരങ്ങളായ സൗമിക് ദേയും ഗുര്‍വീന്ദര്‍ സിങ്ങും ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
മധ്യനിരയില്‍ പോര്‍ച്ചുഗല്‍ താരം ജാവോ കൊയിമ്പ്രയും ബാഴ്‌സ യൂത്ത് അക്കാദമി താരമായ ഹോസെ പ്രീറ്റോയും ബ്ലാസ്റ്റേഴ്‌സിന്റെ കളി മെനയുമെന്നാണ് കരുതേണ്ടത്. ഇന്ത്യന്‍ ടീമിലേക്ക് പോയ കെവിന്‍ ലോബോ ആദ്യ മത്സരത്തിനുണ്ടാകില്ല. മലയാളി താരം സി.കെ. വിനീത് ആദ്യ ഇലവനില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ ടെയ്‌ലര്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. െബംഗളൂരു എഫ്.സി.യുടെ യുവ താരം ശങ്കര്‍ സാംപിഗിരാജിന്റെ വിസ്മയാവഹമായ കളിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഉറ്റുനോക്കുന്നത്. ഇറ്റലിയിലെ പരിശീലനം കഴിഞ്ഞെത്തിയ ശങ്കറില്‍ മികച്ച താരത്തെ കാണുന്നുണ്ടെന്ന കോച്ച് ടെയ്‌ലറുടെ വാക്കുകള്‍ വെറുതെയാകാതിരിക്കട്ടെ.
അതേസമയം മാര്‍ക്വീ താരം സിമാവോ സബ്രോസ ഇല്ലെങ്കിലും മധ്യനിരയുടെ കളിയൊഴുക്കിലാണ് നോര്‍ത്ത് ഈസ്റ്റ് പ്രതീക്ഷയര്‍പ്പിക്കുന്നത്. സ്പാനിഷ് താരം ബ്രൂണോ ഹെരേരക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ സെയ്ത്യാസിന്‍ സിങ്ങും ബെയ്താങ് ഹോക്കിപ് എന്നിവരും അണിനിരക്കുന്നതോടെ കളി മാറുമെന്നാണ് കോച്ച് ഫാരിയസ് പറയുന്നത്.
പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ ഒഴിച്ചിട്ട സ്ഥാനത്തേക്ക് ആരാകും കയറിവരുന്നത്. മുന്നേറ്റ നിരയിലേക്ക് നോക്കി ആരാധകര്‍ ഉയര്‍ത്തുന്ന ഈ ചോദ്യത്തിനുള്ള ഉത്തരമാകും സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജാതകം കുറിക്കുന്നത്. ഇംഗ്ലീഷ് താരങ്ങളായ ക്രിസ് ഡഗ്നലും ആഴ്‌സനല്‍ യൂത്ത് അക്കാദമിയുടെ താരമായ സാഞ്ചസ് വാട്ടും യുവാക്കളാണ് എന്നതാണ് പ്രതീക്ഷയുണര്‍ത്തുന്ന ഘടകം. എപ്പോഴും അധ്വാനിച്ച് കളിക്കാന്‍ തയ്യാറുള്ള ഇവര്‍ക്കൊപ്പം മലയാളി താരം മുഹമ്മദ് റാഫിയെ പകരക്കാരനായി പരീക്ഷിക്കാനാകും സാധ്യതകളേറെ.
കാമറൂണിന്റെ കമാറയും അര്‍ജന്റീനയുടെ നിക്കോളാസ് വെലസും അടങ്ങുന്ന നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാത്തതാണ് ബ്ലാസ്റ്റേഴ്‌സിന്റെ പേടി. കൊച്ചിയിലെ ആദ്യ അങ്കത്തെ ആവേശഭരിതമാക്കുന്നതും ഒരുപക്ഷേ ഈ ഘടകം തന്നെയായിരിക്കും.