കേരളത്തിൽ കാലവർഷം ഇക്കുറി രണ്ടുദിവസം നേരത്തേ എത്തുമെന്നു പ്രവചനം. ഈ മാസം 28നും 30നും ഇടയിൽ കാലവർഷം ആരംഭിക്കുമെന്നാണു സ്കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയുടെ അറിയിപ്പ്. സാധാരണ വർഷങ്ങളിൽ ജൂൺ ഒന്നിനാണു കാലവർഷം ആരംഭിക്കാറുള്ളത്.
ആൻഡമാൻ–നിക്കോബാർ ദ്വീപിൽ ഈ മാസം 18നും 20നും ഇടയിൽ കാലവർഷം എത്തും. കൊൽക്കത്തയിൽ ജൂൺ പത്തിനും മുംബൈയിൽ 12നും ഡൽഹിയിൽ ജൂലൈ ഒന്നിനും മഴയെത്തുമെന്നാണു പ്രവചനം. ഇക്കൊല്ലം പതിവിൽക്കൂടുതൽ മഴ കിട്ടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പും പ്രവചിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്നു ചില സ്ഥലങ്ങളിൽ മഴ ലഭിക്കുമെങ്കിലും നാളെ മുതൽ മഴ കൂടുതൽ ശക്തമാകുമെന്നു തിരുവനന്തപുരത്തു നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തു 17 വരെ വ്യാപകമായി മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. 15 മുതൽ 18 വരെ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും.
ഇന്നലെ പുനലൂർ, ഇരിക്കൂർ എന്നിവിടങ്ങളിൽ നാലു സെന്റിമീറ്ററും തൊടുപുഴയിൽ മൂന്നു സെന്റിമീറ്ററും തിരുവനന്തപുരം, തളിപ്പറമ്പ്, ചെങ്ങന്നൂർ, ഹരിപ്പാട്, മാവേലിക്കര, പന്നിയൂർ എന്നിവിടങ്ങളിൽ രണ്ടു സെന്റിമീറ്ററും മഴ ലഭിച്ചു. മഴ പെയ്യുന്നതിനാൽ സംസ്ഥാനത്തൊട്ടാകെ ചൂടു കുറഞ്ഞിട്ടുണ്ട്.
പാലക്കാട്ടും ആലപ്പുഴയിലുമാണ് ഇന്നലെ കൂടിയ ചൂടു രേഖപ്പെടുത്തിയത് – 36.8 ഡിഗ്രി സെൽഷ്യസ്. കണ്ണൂരും (36), കോഴിക്കോടും (35.9) തൊട്ടുപിന്നിൽ. തിരുവനന്തപുരത്തു 34 ഡിഗ്രിയും കൊച്ചിയിൽ 35.2 ഡിഗ്രിയുമായിരുന്നു കൂടിയ ചൂട്.
