ബംഗ്ലാദേശിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ നോബോളിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. വിക്കറ്റ് കീപ്പറെ ബാറ്റ്‌സ്മാൻ സ്റ്റംപ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ബബുൽ ശിക്ദർ എന്ന പതിനാറുകാരനാണ് എതിർ ടീമിലെ ബാറ്റ്‌സ്മാന്റെ അടി കൊണ്ട് കൊല്ലപ്പെട്ടത്. ധാക്കയിൽ അയൽക്കാർ തമ്മിലുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. അടികൊണ്ട് ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ശിക്ദറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മത്സരത്തിൽ ബാറ്റ്‌സ്മാൻ പുറത്തായ പന്ത് അമ്പയർ നോബോൾ വിളിച്ചതാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതേച്ചൊല്ലി ശിക്ദറും അമ്പയറും തമ്മിൽ തർക്കമുണ്ടായി. ശിക്ദർ ബഹളം വച്ചു. ഇതിൽ ക്ഷുഭിതനായി ബാറ്റ്‌സ്മാൻ സ്റ്റംപ് ഊരി ശിക്ദറിന്റെ തലയ്ക്കു പുറകിൽ ഇടിക്കുകയായിരുന്നു. അടിയേറ്റ് ചോര വാർന്ന് ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ശിക്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ബംഗ്ലാദേശിൽ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങൾ അടിപിടിയിൽ കലാശിക്കുന്നത് പതിവാണ്. എന്നാൽ, സംഘർഷത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്.


Advertisement

 
Top