വയനാട് പുൽപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ സ്വയം വെടിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുൽപ്പള്ളി സ്വദേശി തേലശ്ശേരി സോമനാണ് കുറിച്ച്യാട് വനത്തിൽ തലയ്ക്ക് വെടിവച്ച് മരിക്കാൻ ശ്രമിച്ചത്. പൊലീസ് പ്രതിയ്ക്കായി തിരച്ചിൽ നടത്തുമ്പോഴായിരുന്നു സംഭവം.
ഇന്നലെ ഉച്ചക്ക് 11കാരിയായ പെൺകുട്ടി സോമന്റെ കടയിൽ സാധനംവാങ്ങാനെത്തിയപ്പോഴായിരുന്നു പീഡനത്തിനിരയായത്. പീഡിപ്പിക്കപ്പെട്ട ശേഷം വീട്ടിലെത്തിയ പെൺകുട്ടി സംഭവം ആദ്യം പുറത്തുപറഞ്ഞില്ല. എന്നാൽ രാത്രിയായതോടെ അവശനിലയിലായ പെൺകുട്ടിയോട് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. രാത്രിയോടെ പെൺകുട്ടിയെ ആശുപത്രിയിലാക്കിയ ശേഷം ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് പ്രതിയെ പിടികൂടാൻ തയ്യാറാകാതിരുന്നതോടെ നാട്ടുകാർ പുൽപ്പള്ളി ബത്തേരി റോഡ് ഉപരോധിച്ചു.
പ്രതി സോമന്റെ കടയും പ്രതിഷേധത്തിനിടെ നാട്ടുകാർ തല്ലിത്തകർത്തു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തുമ്പോഴാണ് പ്രതി സോമൻ സ്വയം വെടിവച്ച് മരിക്കാൻ ശ്രമിച്ചത്. കുറിച്ച്യാട് വനത്തിൽനിന്ന് വെടിയൊച്ചകേട്ട് പൊലീസ് എത്തിയപ്പോൾ മുഖത്ത് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സോമനെ ബലംപ്രയോഗിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽകോളജിലേക്ക് മാറ്റി.
പിടിയിലായ സോമൻ ആനവേട്ടക്കേസിൽ പ്രതിയാണെന്ന് സംശയമുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ചെൽഡ് വെൽഫയർ കമ്മിറ്റ് അറിയിച്ചു.