ഭോപ്പാല്‍: വീട്ടില്‍ കയറിയ മോഷ്ടാക്കളെ വാള്‍ വീശി വിരട്ടിയോടിച്ച പെണ്‍കുട്ടി മധ്യപ്രദേശിന്റെ അഭിമാനമായി. എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയായ ചരണ്‍പ്രീത് കൗര്‍ എന്ന 21 കാരിയാണ് ധീരമായ ഈ കൃത്യം നടത്തിയത്. രണ്ടാംവര്‍ഷ പരീക്ഷയ്ക്കായി പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ പഠിച്ചുകൊണ്ടിരിക്കെ ശബ്ദം കേട്ടു. നോക്കിയപ്പോള്‍ വീടിന്റെ താഴത്തെ നിലയില്‍ മോഷ്ടാക്കള്‍ കയറിയതാണു കണ്ടത്. മുഖംമറച്ചിരുന്നതിനാല്‍ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മറ്റു കുടുംബാംഗങ്ങള്‍ താഴെയുള്ള മുറിയില്‍ ഉറക്കത്തിലായിരുന്നു. ഉടന്‍ ചരണ്‍പ്രീത് വീട്ടിലുണ്ടായിരുന്ന നാലടിയോളം നീളമുള്ള വാളെടുത്ത് ചുഴറ്റി മോഷ്ടാക്കളെ തടഞ്ഞു. ഒപ്പം പിതാവിനെ വിളിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൈയില്‍ വാള്‍ കണ്ട മോഷ്ടാക്കള്‍ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ചരണ്‍പ്രീത് പിന്നീടു സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോഴാണു വീട്ടുകാരും നാട്ടുകാരും വിവരങ്ങളറിയുന്നത്. വിവരങ്ങളറിഞ്ഞ് ചരണിന്റെ വീട്ടിലെത്തിയ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ ചരണിന്റെ ധൈര്യത്തെ പ്രശംസിച്ചു. ധീരതയ്ക്കുള്ള അവാര്‍ഡിനായി ചരണിന്റെ പേരു ശിപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 




Advertisement

 
Top