ലണ്ടന്‍: മുത്തശ്ശിയുടെ അകാല വേര്‍പാടില്‍ ദുഖിച്ചിരുന്ന കൊച്ചുമകള്‍ക്ക് ശവക്കല്ലറിയില്‍ നിന്ന് മുത്തശ്ശിയുടെ വക മെസേജ്. ബ്രിട്ടനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 2011 ല്‍ മരിച്ച 59 വയസുകാരി ലെസ്ലി എമേഴ്‌സണാണ് മൂന്ന് വര്‍ഷത്തിന് ശേഷം കൊച്ചു മകള്‍ക്ക് മെസേജ് അയച്ചത്. മുത്തശ്ശി മരിച്ചപ്പോള്‍ മുത്തശ്ശി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കൊച്ചു മോളായ ഷെറി ശവപ്പെട്ടിയില്‍ ഇടുകയായിരുന്നു. മുത്തശ്ശിയുടെ വേര്‍പാടിന് ശേഷവും കൊച്ചു മകള്‍ പതിവായി മെസേജ് അയച്ചു കൊണ്ടിരുന്നു.മൂന്ന് വര്‍ഷം കഴിഞ്ഞ് ഞാനെല്ലാം കാണുന്നുണ്ടെന്ന മുത്തശ്ശിയുടെ സന്ദേശം ഷെറിക്ക് ലഭിക്കുകയായിരുന്നു. പേടിച്ച് വിറച്ച ഷെറി മുത്തശ്ശിയുടെ പഴയ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് സംഭവം ചിരിക്ക് വഴി മാറിയത്. മുത്തശ്ശിയുടെ പഴയ നമ്പര്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ മറ്റൊരാളാണ്. മെസേജുകള്‍ തമാശയ്ക്ക് വേണ്ടിയാണ് ഷെറി അയച്ചു കൊണ്ടിരുന്നതെന്നായിരുന്നു മുത്തശ്ശിയുടെ നമ്പര്‍ ഉപയോഗിച്ചിരുന്നയാള്‍ കരുതിയിരുന്നത്.
മുത്തശ്ശിയുടെ നമ്പര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മൊബൈല്‍ കമ്പനിയായ ഒ2 മറ്റൊരാള്‍ക്ക് നല്‍കിയതാണ് ആശയകുഴപ്പം സൃഷ്ടിച്ചത്. സംഭവത്തില്‍ മൊബൈല്‍ കമ്പനി ഖേദപ്രകടനം നടത്തിയിട്ടുണ്ട്.