ജനിച്ചു വെറും ഒൻപതു മാസമായപ്പോഴേ കുഞ്ഞു ഫ്രെഡി, കുടുംബത്തിലെ വലിയ ചേട്ടനായി. ചേട്ടാന്നു വിളിച്ച് ഫ്രെഡിയെ അള്ളിപ്പിടിക്കാൻ രണ്ട് അനുജന്മാരും ഒരു കുഞ്ഞുപെങ്ങളും-സ്റ്റാൻലി, റെഗി, കൊച്ചുസുന്ദരി ഡെയ്സി.
ഒൻപതു മാസത്തിനിടെ നാലു കുഞ്ഞുങ്ങളുടെ മാതാപിതാക്കളായിറെക്കോഡിട്ടിരിക്കുകയാണ് യു.കെയിലെ കെന്റിലെ ക്രേഫോർഡിൽ താമസിക്കുന്ന സാറ വാർഡും ബെൻ സ്മിത്തും. ഇവരുടെ ആദ്യത്തെ കൺമണി ഫ്രെഡിക്ക് ഒൻപതു മാസമായപ്പോഴാണ് മൂവർസംഘത്തിന്റെ പിറവി.
ഫ്രെഡി ജനിച്ച് ഏതാനും ആഴ്ചകൾ കഴിഞ്ഞയുടൻ 2013 ജൂണിൽ സാറ വീണ്ടും ഗർഭിണിയായി. വയറ്റിലുള്ളത് ഒന്നും രണ്ടുമല്ല മൂന്നുപേരെന്ന് അറിഞ്ഞപ്പോഴേ അങ്കലാപ്പായെങ്കിലും അവർ പരീക്ഷണത്തിനൊരുങ്ങുകയായിരുന്നു. ഏതെങ്കിലും ഒരു ഭ്രൂണത്തെ ഒഴിവാക്കിയുള്ള ഗർഭച്ഛിത്രം നിർദേശിക്കപ്പെട്ടെങ്കിലും സാറയും ബെന്നും വഴങ്ങിയില്ല. പത്തു മാസം തികയും മുൻപേ മൂവരും ശസ്ത്രക്രിയയിലൂടെ പുറത്തെത്തി. പോസ്റ്റ് ഓഫിസ് ജീവനക്കാരനാണു മുപ്പത്തൊന്നുകാരനായ ബെൻ. 29 വയസുള്ള സാറ ഒരു കെയർ ഹോം മാനേജരായിരുന്നു. ഇപ്പോൾ അമ്മയുടെ ജോലി മാത്രം.