ലൈസസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വന്‍ അട്ടിമറി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ലൈസസ്റ്റര്‍ സിറ്റി മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അട്ടിമറിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി-ചെല്‍സി മത്സരം സമനിലയില്‍ പിരിഞ്ഞു.
പ്രതിരോധത്തില്‍ പാളിപ്പോയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വെറുംകാഴ്ചക്കാരാക്കിയായിരുന്നു ലെയ്‌സസ്റ്റര്‍ സിറ്റിയുടെ അട്ടിമറി ജയം. 3-1ന് പിന്നിലായതിന് ശേഷമാണ് രണ്ടാംപകുതിയില്‍ നാലുഗോളുകളടിച്ച് ലെയ്‌സസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്. റോബിന്‍ വാന്‍പേഴ്‌സി, എയ്ഞ്ചല്‍ ഡി മരിയ, ആന്ദെര്‍ ഹെരേര എന്നിവരിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു യുണൈറ്റഡിന്റെ തകര്‍ച്ച. 62ആം മിനിറ്റില്‍ ലഭിച്ച വിവാദ പെനാല്‍റ്റിയായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിമറിച്ചത്. ജാമി വാര്‍ദിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഡേവിഡ് നുഗന്റ് ഗോളാക്കി.
64ആം മിനിറ്റില്‍ എസ്റ്റെബാന്‍ കാംബിയാസോയിലൂടെ ലെയ്‌സസ്റ്റര്‍ സമനില നേടി. 79ആം മിനിറ്റില്‍ ജാമി വാര്‍ദി ലെയ്‌സസ്റ്ററിനെ മുന്നിലെത്തിച്ചു. അതിനിടെ, വാര്‍ദിയെ ഫൗള്‍ ചെയ്തതിന് ടെയ്‌ലര്‍ ബ്ലാക്കറ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതിന് ലഭിച്ച പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് ലിയോനാര്‍ഡോ ഉള്ളോവ മാഞ്ചസ്റ്റര്‍ ദഹനം പൂര്‍ത്തിയാക്കി. ആദ്യമായാണ് രണ്ടുഗോളിന് മുന്നിട്ടുനിന്ന ശേഷം യുണൈറ്റഡ് ഒരുമത്സരം തോല്‍ക്കുന്നത്.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി സമനിലയില്‍ പിടിച്ചു. വിരസമായ സമനിലയില്‍ കലാശിച്ച ആദ്യപകുതിക്ക് ശേഷം രണ്ടാംപകുതിയിലായിരുന്നു രണ്ട് ഗോളുകളും. 71ആം മിനിറ്റില്‍ ആന്ദ്രേ ഷിറിളാണ് ചെല്‍സിക്ക് വേണ്ടി ഗോള്‍നേടിയത്. 85ആം മിനിറ്റില്‍ ഫ്രങ്ക് ലാംപാര്‍ഡിലൂടെ സിറ്റി സമനില പിടിച്ചു. 13 പോയിന്റുമായി ചെല്‍സി ഒന്നാംസ്ഥാനത്ത് തുടരും. വെസ്റ്റ് ബ്രോം, ടോട്ടനത്തെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ചപ്പോള്‍, ക്രിസ്റ്റല്‍ പാലസ്, എവര്‍ട്ടണെ 2-3ന് പരാജയപ്പെടുത്തി.
