കൊച്ചി: നിര്‍ണ്ണായകമായ രണ്ടാം പാദസെമിയില്‍ ഡെല്‍ഹി ഡൈനാമോസിനെ തകര്‍ത്ത് ഒരിക്കല്‍ക്കൂടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ കലാശപ്പോരട്ടത്തിലേക്ക് കടന്നിരിക്കുന്നു. തോല്‍വികളും സമനിലകളും നിറഞ്ഞ് പ്രതീക്ഷയറ്റ ഒരു ടീമായിരുന്നു സീസണിന്റെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ്. മറ്റു ടീമുകളുമായി മുട്ടിച്ചു നോക്കുമ്പോള്‍ അത്രയൊന്നും പേരും പെരുമയുമില്ലാത്ത താരങ്ങള്‍. സീസണിന്റെ തുടക്കത്തില്‍ കീരീട പ്രതീക്ഷപുലര്‍ത്തുന്ന ടീമുകളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പേര് ആരും വെറുതെപോലും പറഞ്ഞ് കേട്ടില്ല. എന്നാല്‍ പതിയെ പതിയെ കയറി വരുന്ന ബ്ലാസറ്റേഴ്‌സിനെയാണ് നാം പിന്നീട് കണ്ടത്. കളിമികവിലും ഉപരി കോച്ച് കോപ്പലിന്റെ തന്ത്രങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിനെ തുണച്ചത്.
നാം കണ്ടു ശീലീച്ച് പരിശീലകരെപ്പോലെ ആര്‍ത്തു വിളിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യാത്ത കോപ്പലിന്റെ സ്വഭാവ സവിശേഷത മലയാളികള്‍ക്ക് പുതുമയുള്ളതായിരുന്നു. നിര്‍വികാരനായ കോപ്പല്‍ പക്ഷെ ബ്ലാസ്റ്റേഴ്‌സിന്റെ ചാണക്യനാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ എന്നത് മാറ്റി നിര്‍ത്തിയാല്‍ ആരാണ് സ്റ്റീവ് കോപ്പല്‍ എന്ന് ചോദിച്ചാല്‍ അധികം പേര്‍ക്കും ഉത്തരമുണ്ടാകില്ല. ശരാശരിയില്‍ നിന്ന ബ്ലാസ്‌റ്റേഴ്‌സിനെ ഇന്ന് ഫൈനലില്‍ എത്തിച്ചത് പോലെ ഇംഗ്ലീഷ് ലീഗില്‍ എടുത്ത് പറയാന്‍ ഒരു കളിക്കാരനും ഇല്ലാതിരുന്ന ക്രിസ്റ്റല്‍ പാലസിനേയും റെഡിങ്ങിനേയും ഒന്നാം ഡിവിഷനിലേക്ക് കയറ്റി വിട്ടൊരു ചരിത്രമുണ്ട ഈ മുന്‍ മാഞ്ചസ്റ്റ്ര്‍ സിറ്റി പരിശീലകന്.
യുണൈറ്റഡിന്റെ വിഖ്യാതമായ ഏഴാം നമ്പര്‍ ജഴ്‌സില്‍ കളിച്ച അദ്ദേഹം നേടിയത് എണ്ണ പറഞ്ഞ ഗോളുകളായിരുന്നു. ഇപ്പോള്‍ കാണുന്നത് പോലെ ടീം ഗോളുകള്‍ നേടുമ്പോള്‍ ഭാവമാറ്റമില്ലാതെ നില്‍ക്കുന്ന കോപ്പലായിരുന്നില്ല അന്ന് അദ്ദേഹം. ഗോളടിക്കുമ്പോള്‍ ആര്‍ത്ത് വിളിച്ച് സഹതാരങ്ങള്‍ക്കൊപ്പം ആനന്ദ നൃത്തമാടിയ ടോട്ടല്‍ ഫുട്‌ബോളറായിരുന്നു കളിക്കളത്തിലെ കോപ്പല്‍.
കോപ്പലിന്റെ ചിരിക്കുന്ന മുഖം ആരാധകര്‍ കിരീടം പോലെ ആഗ്രഹിക്കുന്ന കാര്യമാണ്. കൊച്ചിയില്‍ നടക്കുന്ന ഫൈനലില്‍ കീരീടം നോടി ആര്‍ത്തിരമ്പുന്ന കാണികളെ നോക്കി ആ മുഖം പുഞ്ചിരി തൂകുമെന്ന് നമുക്ക് പ്രത്യാശിക്കാം. 2014 ന്റെ തനിയാവര്‍ത്തനം പോല്‍ ഫൈനലില്‍ കൊല്‍ക്കത്തയെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ അദൃശ്യനായ മുന്നേറ്റക്കാരന്‍ കോപ്പലിന്റെ തന്ത്രങ്ങള്‍ തന്നെയായിരിക്കും.
