വാഷിംഗ്ടണ്‍: പാകിസ്താനെ ഭാകരരാജ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഭീഷണിയായ, മേഖലയിലെ തീവ്രവാദികളുടെ സുരക്ഷിതസ്വര്‍ഗങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും അമേരിക്കന്‍ വിദേശകാര്യവക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇന്ത്യയും പാകിസ്താനുമായി കാശ്മീരുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ആണവായുധം തീവ്രവാദികള്‍ക്ക് ലഭിക്കാതെ പാകിസ്താന്‍ സൈന്യത്തിന്റെ കൈകളില്‍ സുരക്ഷിതമാണെന്ന് കരുതുന്നതായും കിര്‍ബി പറഞ്ഞു. പാകിസ്താനെ ഭീകരരാജ്യമായി പ്രഖ്യാപിക്കണമെന്ന വൈറ്റ്ഹൗസ് ഓണ്‍ലൈന്‍ പ്രമേയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അങ്ങനെയൊരു കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രതികരണം. എന്ത് സംഭവിച്ചാലും അങ്ങനെ പ്രഖ്യാപിക്കാന്‍ പോകുന്നില്ലെന്നും കിര്‍ബി പറയുന്നു. വൈറ്റ്ഹൗസിന്റെ ഓണ്‍ലൈന്‍ പെറ്റീഷന്‍ സംവിധാനം അനുസരിച്ച് റെക്കോര്‍ഡ് പ്രതികരണമാണ്, പാകിസ്താനെ ഭീകരരാജ്യമായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തിന് ലഭിച്ചത്.
പാക് മണ്ണിലെ തീവ്രവാദം ഇന്ത്യന്‍ ജനതയ്ക്ക് ഭീഷണിയാണെന്നും കിര്‍ബി സമ്മതിക്കുന്നു. പാകിസ്താനും അഫ്ഗാനിസ്താനുമായും ചേര്‍ന്ന് തീവ്രവാദത്തെ അമര്‍ച്ച ചെയ്യാനുള്ള നടപടിയെടുക്കുമെന്നും കിര്‍ബി പറഞ്ഞു. തീവ്രവാദികളുടെ സുരക്ഷിതസ്വര്‍ഗങ്ങളെ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീര്‍വിഷയത്തിലെ അമേരിക്കന്‍ നിലപാടില്‍ മാറ്റമില്ലെന്നും അമേരിക്കന്‍ വിദേശകാര്യവകുപ്പ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കണമെന്നാണ് എന്നും അമേരിക്ക ആഗ്രഹിക്കുന്നത്. ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കളെ വിശ്വാസമുണ്ടെന്നും കിര്‍ബി വ്യക്തമാക്കി. പാകിസ്താന്റെ ആണവ സുരക്ഷയെക്കുറിച്ച് പൂര്‍ണവിശ്വാസമുണ്ടെന്നും കെര്‍ബി പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ നിരന്തരമായി ഭീകരപ്രവര്‍ത്തനങ്ങളാസൂത്രണം ചെയ്യുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയില്‍ ഇത്തരത്തിലുള്ള ഒരു ഓണ്‍ലൈന്‍ പരാതി സമര്‍പ്പിക്കപ്പെട്ടത്. ഒബാമ ഭരണത്തിന്റെ പ്രധാന നേട്ടമായാണ് വൈറ്റ് ഹൗസിന്റെ ഈ പദ്ധതി വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ആ പരാതിക്കും പ്രത്യേകിച്ച് ഒരു പ്രാധാന്യവുമില്ലെന്ന സൂചനകളാണ് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി നല്‍കുന്നത്.
