തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസതടസം, കരള്‍ രോഗം, പ്രമേഹം എന്നിവ ഗുരുതരമായതിനെത്തുടര്‍ന്ന് ജയലളിതയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നാണ് തമിഴ്മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും സിംഗപ്പൂരിലെ വിദഗ്ധ ഡോക്ടര്‍മാരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ഗുരുതരാവസ്ഥ തുടരുന്ന പക്ഷം ജയലളിതയെ സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും വിവരങ്ങളുണ്ട്.

പനിയും നിര്‍ജലീകരണവും മൂലം വ്യാഴാഴ്ച്ച രാത്രിയാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം ഭേദമായെന്നും മുഖ്യമന്ത്രിക്ക് ഉടന്‍ വീട്ടിലേക്ക് മടങ്ങാനാകുമെന്നും കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജയലളിതയ്ക്ക് ഇതുവരെ ആശുപത്രി വിടാനായിട്ടില്ലെന്നാണ് തമിഴകത്ത് നിന്നുള്ള വിവരങ്ങള്‍.

അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ ജയലളിതയുടെ ആരോഗ്യത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാന്‍ ചെന്നൈ ആശുപത്രിയില്‍ എത്തുന്നത്.

Advertisement

 
Top