പത്തനാപുരത്ത് നടന്‍ മോഹന്‍ലാല്‍ ഇടതു സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിനു വേണ്ടി പ്രചാരണത്തിനിറങ്ങിയതിനെ പരിഹസിച്ച് നടന്‍ ഭീമന്‍ രഘു രംഗത്ത്. മോഹന്‍ലാലല്ല, അമിതാഭ് ബച്ചന്‍ വന്നാലും പത്തനാപുരത്ത് താന്‍ ജയിക്കുമെന്ന് ഭീമന്‍ രഘു പറഞ്ഞു. മോഹന്‍ലിനെ പോലെയുളളവരല്ല ഇവിടുത്തെ ജനങ്ങളാണ് വോട്ട് ചെയ്യുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു. മോഹന്‍ലാല്‍ വന്നതില്‍ തനിക്ക് യാതോരു പരിഭവവും ഇല്ലെന്നും ഭീമന്‍ രഘു പ്രതികരിച്ചു.
താരങ്ങള്‍ പത്തനാപുരത്ത് പ്രചാരണത്തിനിറങ്ങുന്നതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജി വെച്ചിരുന്നു.താരങ്ങള്‍ പരസ്പരം മത്സരിക്കുന്നയിടങ്ങളില്‍ പക്ഷം പിടിക്കരുതെന്ന നിര്‍ദേശം അമ്മ നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് സലിം കുമാര്‍ രാജി വെച്ചത്.
പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിനു വേണ്ടി നടന്‍ മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയതില്‍ അതിയായ വേദനയുണ്ടെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി ജഗദീഷ് കുമാറും പ്രതികരിച്ചിരുന്നു. പത്തനാപുരത്ത് നില്‍ക്കുന്നവരില്‍ മൂന്ന് പേരും നടന്‍മാരായതിനാല്‍ ആരുടെയും പക്ഷം പിടിക്കേണ്ടെന്ന് താരസംഘടനയായ അമ്മ തീരുമാനമെടുത്തിരുന്നു. ഇന്നസെന്റ് പാര്‍ട്ടി എംപിയായതിനാല്‍ പരിഭവമില്ല. തലേദിവസം വരെ തനിക്ക് പിന്തുണ നല്‍കിയവരാണ് മോഹന്‍ലാലും പ്രിയദര്‍ശനുമെന്ന് ജഗദീഷ് പറഞ്ഞു.
സംവിധായകന്‍ പ്രിയദര്‍ശന് ഒപ്പമായിരുന്നു മോഹന്‍ലാല്‍ പത്താനാപുരത്ത് എത്തിയത്. താരപ്പോരാട്ടത്തിന് വേദിയാകുന്ന പത്തനാപുരത്ത് നടന്‍ ജഗദീഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഭീമന്‍ രഘു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Advertisement

 
Top