നിരന്തരമായി ബലാൽസംഗം ചെയ്തു കൊണ്ടിരുന്ന പിതാവിനെ കൗമാരക്കാരികളായ സഹോദരികൾ കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം സ്വയം വീഡിയോ എടുത്ത് തങ്ങൾ പിതാവിനെ കൊലപ്പെടുത്തിയ വിവരം വീഡിയോയിൽ കുറ്റസമ്മതം നടത്തുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. സ്‌നേഹവും സംരക്ഷണവും നൽകേണ്ട പിതാവ് തന്നെ പീഡിപ്പിച്ചതാണ് കൊലപാതകത്തിനു കാരണമായതെന്ന് വീഡിയോയിൽ സഹോദരിമാർ പറയുന്നു. മീററ്റ് സ്വദേശി കരൺ സിംഗ് ആണ് കൊല്ലപ്പെട്ടത്.
വീഡിയോയിൽ പെൺകുട്ടികൾ പറയുന്നത് ഇതാണ്. ഷാൾ കൊണ്ട് മുഖം മറച്ചാണ് പെൺകുട്ടികൾ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഹാമർ കൊണ്ട് പലതവണ തലയ്ക്കടിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയത്. പിതാവ് ഞങ്ങളെ എന്നും ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. അതുകൊണ്ട് ഇനി അയാൾ ഞങ്ങളെ ഉപദ്രവിക്കരുതെന്ന് ഞങ്ങൾ തീരുമാനിച്ചു. മരിച്ചു എന്ന് ഉറപ്പാക്കുന്നതു വരെ ഹാമർ കൊണ്ട് തലയ്ക്ക് അടിച്ചു എന്നും സഹോദരിമാർ പറയുന്നു. തുടർന്ന് അടിക്കാനുപയോഗിച്ച ഹാമറും വീഡിയോയിൽ ഉയർത്തിക്കാട്ടുന്നുണ്ട്. രക്തത്തിൽ കുളിച്ചു കിടക്കുന്ന പിതാവിന്റെ തൊട്ടടുത്തു തന്നെ ഹാമർ കിടപ്പുണ്ട്.
എന്നാൽ, വീഡിയോയും പെൺകുട്ടികളുടെ ന്യായീകരണവും പൊലീസ് തള്ളി. കരൺ സിംഗ് മരിച്ചത് മദ്യപിച്ച് വീട്ടിൽ കയറുന്നതിനിടെ ചുമരിൽ തലയിടിച്ച് വീണുണ്ടായ അപകടത്തെ തുടർന്നാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് പറയുന്നത് ഇങ്ങനെ. സ്ഥിരമായി മദ്യപിച്ചു വരുന്ന സ്വഭാവക്കാരനായിരുന്നു കരൺ സിംഗ്. ഇന്നലെയും മദ്യപിച്ച് വീട്ടിൽ കയറുന്നതിനിടെ മുന്നിലുള്ള ചുമരിൽ തലയിടിച്ച് താഴെ വീണു. തലയിൽ നിരവധി മുറിവേറ്റ ഇയാൾ തൽക്ഷണം മരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
കരൺ സിംഗിന്റെ ഭാര്യ സംഭവത്തിനു ശേഷം തന്റെ 5 വയസുള്ള മകനെയും കൊണ്ട് സ്ഥലംവിട്ടു. കരൺ സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നെന്നും വീട്ടിൽ എന്നും വഴക്കായിരുന്നെന്നും അയൽക്കാർ പറയുന്നു. എന്നാൽ, വീഡിയോയെ കുറിച്ച് പ്രതികരിക്കാൻ എസ്പി ഓം പ്രകാശും തയ്യാറായില്ല.
