എഴുതിയിടുന്ന കാര്യങ്ങൾ എളുപ്പത്തിൽ സേർച്ച് ചെയ്തു കണ്ടെത്താൻ കഴിയില്ലെന്നതായിരുന്നു ഇതുവരെ ഫെയ്സ്ബുക്കിനുണ്ടായിരുന്ന ഏറ്റവും വലിയ പോരായ്മകളിൽ ഒന്ന്, അതേസമയം ട്വിറ്റർ ഇക്കാര്യത്തിൽ ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുകയും ചെയ്തിരുന്നു. ലോകത്താകമാനം ട്രെന്റ് ചെയ്യുന്ന ഏതാനം വിഷയങ്ങൾ അല്ലാതെ ജനങ്ങൾ എന്തൊക്കെ സംസാരിക്കുന്നു എന്നറിയാൻ ഫെയ്സ്ബുക്കിൽ നിലവിൽ ഒരു ഉപയോക്താവിന് മാർഗം ഇല്ലായിരുന്നു. ഇതിനു പരിഹാരമായിട്ടാണ് ഫെയ്സ്ബുക്കിന്റെ പുതിയ സേർച്ച് ഓപ്ഷൻ എത്തുന്നത്.
ഇതിലൂടെ ലോകത്തെവിടെയും ആളുകൾ പബ്ലിക് ആയി എഴുതുന്ന സ്റ്റാറ്റസുകൾ ഇനി മുതൽ കീവേഡുകൾ (Keyword) ഉപയോഗിച്ച് കണ്ടെത്താം. ഫെയ്സ്ബുക്കിൽ ഒരു മാസം എത്തുന്ന 2 ട്രില്ല്യൻ പോസ്റ്റുകളിൽ ഇനി മുതൽ ഗൂഗിൾ സെർച്ചിനു സമാനമായ രീതിയിൽ ഉപയോക്താവിന് തെരയാം. മൊബൈൽ ആപ്പിലെയും ഡസ്ക്ടോപിലെയും സേർച്ച് ബാറിലൂടെയാണ് ഇത് സാധിക്കുക.
ഉദാഹരണത്തിന് 'water' (വെള്ളം) എന്ന് സേർച്ച് ചെയ്‌താൽ അതുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ഫെയ്സ്ബുക്കിൽ ചേർക്കപ്പെടുന്ന വിവരങ്ങൾ, വിഡിയോകൾ, ചിത്രങ്ങൾ എന്നിവ ലഭ്യമാകും. സ്വന്തം സുഹൃത്തുക്കളുടെ മാത്രമല്ല, അപരിചതരായ ആളുകളുടെ കണ്ടന്റ് വരെ നമുക്ക് ലഭിക്കും. നിങ്ങളുടെ സ്വന്തം സുഹൃദ് വലയത്തിലെ തെരയലിന് അപ്പുറത്ത് ഫെയ്സ്ബുക്കിലെ എന്തും തെരയാം എന്ന അവസ്ഥ കമ്പനിയെ സംബന്ധിച്ച് വലിയൊരു മുന്നേറ്റം ആണെന്ന് വിലയിരുത്തപ്പെടുന്നു. ഒരു വ്യക്തി ശരാശരി 46 മിനിറ്റ് ഫെയ്സ്ബുക്കിനായി മാറ്റിവെയ്ക്കുന്നുണ്ട് എന്നാണു കണക്കുകൾ, അതുകൊണ്ട് തന്നെ ആളുകളുടെ എണ്ണവും അവർ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന സമയവും വർധിക്കുമ്പോൾ കാതലായ മാറ്റങ്ങൾ ഒരുക്കി കൊടുക്കുന്നതാണ് ഫെയ്സ്ബുക്കിന്റെ രീതി.
പുതിയ സംവിധാനം വരുന്നതോടെ, ട്വിറ്ററിന് വലിയൊരു തിരിച്ചടി നൽകാൻ ഫെയ്സ്ബുക്കിനു കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാധ്യമപ്രവർത്തകരും മറ്റും ഈ ഒരു കാരണം കൊണ്ടായിരുന്നു ഫെയ്സ്ബുക്കിനെക്കാൾ കൂടുതലായി ട്വിറ്ററിനെ ആശ്രയിച്ചിരുന്നത്. ഒരു പ്രത്യേക സംഭവം നടക്കുമ്പോൾ, ഇനി മുതൽ വാർത്താ–വിവര ശേഖരണം കൂടുതൽ എളുപ്പമാകും. പുത്തൻ സേർച്ച് ഓപ്ഷൻ വ്യാഴം മുതൽ യുഎസ് ഇംഗ്ലീഷ് സെറ്റിംഗ്സ് തെരഞ്ഞെടുത്തിട്ടുള്ള ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. എന്ന് മുതലാണ് എല്ലാവർക്കും ഈ സംവിധാനം ലഭ്യമാകുകയെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടില്ല.
കരുതലോടെ നീങ്ങാം!
പുതിയ സേർച്ച് ഓപ്ഷൻ വരുന്നതോടെ പബ്ലിക് ആയി എഴുതുന്നതെന്തും ആർക്കും തെരഞ്ഞെടു കണ്ടെത്താമെന്നത് ചിലരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പണ്ടെഴുതിയ, എന്നാൽ അധികം ആരും കാണാൻ ആഗ്രഹിക്കാട്ട പോസ്റ്റുകളും ആളുകൾ തപ്പിയെടുത്തെന്ന് വരാം. ഇതൊഴിവാക്കാൻ കൂടുതൽ കരുതൽ ഫെയ്സ്ബുക് ഉപയോഗിക്കുമ്പോൾ ഇനി ആവശ്യമായി വരും.
പ്രൈവസി സെറ്റിങ്ങ്സിൽ 'ഫ്രെണ്ട്സ് ഒണ്‍ലി' ആക്കിയാൽ, സുഹൃത്തുക്കളിലേക്ക് മാത്രം നിങ്ങളുടെ പോസ്റ്റ് പരിമിതപ്പെടുത്താം. നിലവിൽ നിങ്ങൾ പബ്ലിക് ആയി പോസ്റ്റ് ചെയ്തിരിക്കുന്ന പഴയ പോസ്റ്റുകൾ മൊത്തമായി ഈ സെർച്ചിൽ എല്ലാവർക്കുമായി തുറന്നു കൊടുക്കാതിരിക്കാനും മാർഗമുണ്ട്. അനവധി പോസ്റ്റുകൾ ഉള്ളതുകൊണ്ട് ഓരോന്നിന്റെയും പ്രൈവസി സെറ്റിങ്സ് മാറ്റുക എളുപ്പമല്ല, അതിനു പകരമായി പ്രൈവസി ഷോർട്ട്കട്ട് ഐക്കണിലെ 'Click see more Settings' ക്ലിക്ക് ചെയ്യുക.
ഇതിനുശേഷം ലഭിക്കുന്ന വിൻഡോയിൽ 'Limit Past Posts' എന്ന ഓപ്ഷൻ കാണാം. ഉടൻ തന്നെ ഫെയ്സ്ബുക്കിന്റെ ഒരു മുന്നറിയിപ്പ് ലഭിക്കും, ഇതുവരെയുള്ള പോസ്റ്റുകൾ ഫ്രെണ്ട്സിനു മാത്രമായി പരിമിതപ്പെടുത്താൻ അനുവാദം ചോദിക്കുന്ന ബോക്സ് ലഭിക്കും.
ഒരു തവണ, ഈ സെറ്റിങ്സ് ഉപയോഗിച്ചാൽ, വീണ്ടും പഴയ രീതിയിലേക്ക് എത്താൻ കഴിയില്ല, അതായത് ഫ്രെണ്ട്സിനായി പഴയ പോസ്റ്റുകൾ പരിമിതപ്പെടുത്തിയിട്ടു, വീണ്ടും പബ്ലിക് ആക്കണമെങ്കിൽ ഓരോ പോസ്റ്റുകൾ ആയി സെറ്റിങ്സ് മാറ്റാനേ കഴിയൂ. കണ്‍ഫേം ചെയ്തു കഴിഞ്ഞാൽ നടപടികൾ പൂർത്തിയാവും, അപ്പോഴും നിങ്ങളുടെ പോസ്റ്റുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കാണാൻ കഴിയുമെന്നു ഓർമ്മിക്കുക.
ഇനി ചില പോസ്റ്റുകൾ മാത്രമാണ് ഇത്തരത്തിൽ പരിമിതപ്പെടുത്തേണ്ടതെങ്കിൽ, ഓരോ പോസ്റ്റിനും ചേർന്നുള്ള പ്രൈവസി സെറ്റിങ്ങ്സിൽ ഉചിതമായവ തെരഞ്ഞെടുക്കാം.