ക്രിക്കറ്റിലെ ‘ഓൺ ഫീൽഡ്’ വിവാദം അവസാനിക്കുന്നില്ല. പഴയ ഏടുകളിൽ ചിലത് ഇങ്ങനെ:
∙ 2008 ഏപ്രിൽ 25ന് മൊഹാലിയിൽ നടന്ന കിങ്‌സ് പഞ്ചാബ്– മുംബൈ ഇന്ത്യൻസ് ഐപിഎൽ മൽസരത്തിനുശേഷം പഞ്ചാബിന്റെ ശ്രീശാന്തിനെ മുംബൈ നായകൻ ഹർഭജൻ സിങ് തല്ലിയത് ഏറെ ഒച്ചപ്പാടുണ്ടാക്കി. ക്രിക്കറ്റിൽ അപൂർവമായി ഇതിനുമുൻപും ചില ‘തല്ലു’കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും മൊഹാലിയിലെ ‘അടിപിടിക്ക്’ ഗൗരവമേറയായിരുന്നു. ക്രിക്കറ്റിലെ ഒരു തല്ലുകേസിൽ ഇത്ര വലിയ ശിക്ഷാനടപടി ഉണ്ടായതും ആദ്യമാണ്. ശ്രീശാന്തിനെ തല്ലിയ ഹർഭജന് 11 മൽസരങ്ങളിലെ വിലക്കിനൊപ്പം രണ്ടരക്കോടി രൂപ പിഴയും. ഭാജി–ശ്രീ പ്രശ്‌നത്തെപ്പറ്റി അന്വേഷിക്കാൻ ബിസിസിഐ അന്ന് കമ്മിഷനെ നിയമിക്കുകയും ചെയ്തു.
∙ ക്രിക്കറ്റിലെ ഏറ്റവും കുപ്രസിദ്ധമായ കയ്യാങ്കളി 1982ൽ പെർത്തിലായിരുന്നു. ബോഡിലൈൻ സീരീസ്, അണ്ടർ ആം വിവാദം, പന്തയവിവാദം എന്നിവപോലെതന്നെ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ സംഭവമാണ് മിയാൻദാദ്–ലിലി ഏറ്റുമുട്ടൽ. 1981–82 ലെ പാക്കിസ്‌ഥാന്റെ ഓസ്‌ട്രേലിയൻ പരമ്പരയിലാണ് പെർത്ത് വിവാദമുണ്ടായത്.
പരമ്പരയിലെ ആദ്യ മൽസരം പെർത്ത് വാക്കാ (ഡബ്ല്യു. എ. സി. എ.) സ്‌റ്റേഡിയത്തിൽ. ഓസ്‌ട്രേലിയയുടെ ഫാസ്‌റ്റ് ബൗളർ ഡെന്നിസ് ലിലി എറിഞ്ഞ പന്ത് പാക്ക് നായകൻ ജാവേദ് മിയാൻദാദ് അടിച്ച് റൺസിനായി ഓടുമ്പോൾ ലിലി കരുതിക്കൂട്ടി മുന്നിൽ കയറിനിന്നതാണ് പ്രശ്‌നത്തിന്റെ തുടക്കം. ഇരുവരും പരസ്‌പരം മുട്ടി. ലിലി മിയാൻദാദിനിട്ടൊരു തൊഴി. മിയാൻദാദും വിട്ടുകൊടുത്തില്ല. ബാറ്റ് ഉയർത്തി ലിലിയുടെ നേർക്ക് പാഞ്ഞു. അടി വീഴുമെന്നു കണ്ടപ്പോൾ അംപയർമാർ ഇടപെട്ടു. ഓസീസ് നായകൻ ഗ്രെഗ് ചാപ്പൽ ഓടിയെത്തി ഇരുവരെയും തടയുകയായിരുന്നു. അംപയർ ടോണി ക്രാഫ്‌റ്റിന്റെ ഇടപെടലാണ് വഴക്ക് മൂർഛിക്കാതെ സഹായിച്ചത്.
∙ ‘കൈവെപ്പിന്റെ’ കാര്യത്തിൽ അച്ചടക്കലംഘനങ്ങളുടെ ആശാൻ ഷുഐബ് അക്‌തർ ഒട്ടും മോശമല്ല. പരിശീലനത്തിനിടെ ‘റാവൽപിണ്ടി എക്‌സ്‌പ്രസ്’ സഹതാരം മുഹമ്മദ് അസീഫിനെ ബാറ്റുകൊണ്ടടിച്ച സംഭവം കഴിഞ്ഞ വർഷമാണ് നടന്നത്.
പ്രഥമ ട്വന്റി 20 ലോകകപ്പിനു തൊട്ടുമുൻപ് ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയൻ പാർക്കിൽ പരിശീലനത്തിനിടെയാണ് സംഭവം. അക്‌തറും അസീഫും തമ്മിൽ ഉണ്ടായ വാക്കേറ്റത്തിനു പിന്നാലെയാണ് അക്‌തർ അസീഫിന്റെ ഇടതു തുടയിൽ ബാറ്റുകൊണ്ടടിച്ചത്. ഇതോടെ ടീമിൽനിന്നു പാക്കിസ്‌ഥാൻ ക്രിക്കറ്റ് ബോർഡ് അക്‌തറെ തിരിച്ചുവിളിച്ചു. ഒപ്പം 13 മൽസരങ്ങളിൽനിന്നു വിലക്കും 34 ലക്ഷം രൂപയുടെ പിഴയും പാക്ക് ബോർഡ് വിധിച്ചു.
∙ 2003ലെ ലോകകപ്പിനിടെ ഇൻസമാം ഉൾ ഹഖും യൂനിസ് ഖാനും തമ്മിലുണ്ടായ അടിപിടിയും പാക്ക് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കി. സിംബാബ്‌വെയിൽ വച്ചായിരുന്നു ആ സംഭവം.
∙ 1986ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടന വേളയിൽ രവി ശാസ്‌ത്രിയെ ഓസ്‌ട്രേലിയൻ താരങ്ങൾ മർദ്ദിച്ചതായി ആരോപണം ഉയർന്നിരുന്നു. ഗ്രേഗ് മാത്യൂസായിരുന്നു ഇതിനു നേതൃത്വം നൽകിയതെന്നും അതല്ല ശാസ്‌ത്രിയാണ് തല്ലു കൊടുത്തത് എന്നും കേട്ടിരുന്നു. ടെസ്‌റ്റ് തോറ്റതിൽ നിരാശരായി ഓസിസ് താരങ്ങൾ ന്യൂഡൽഹിയിലെ പ്രശസ്‌ത ഹോട്ടലിന്റെ നീന്തൽകുളത്തിൽ മൂത്രമൊഴിച്ച സംഭവം ഇതുമായി ബന്ധപ്പെട്ടാണ് നടന്നത്.