തെരുവുനായ്ക്കൾക്കെതിരെ ശബ്ദിക്കാൻ തന്നെ പേടിക്കുന്ന കാലത്ത് ഇതാ ശബ്ദം കൊണ്ടു നായ്ക്കളെ തുരത്താനുള്ള വിദ്യയുമായി ഒരാൾ. കോന്നി മുരിങ്ങമംഗലം അങ്ങാടിയിൽ എ. ആർ. രഞ്ജിത് ആണ് അൾട്രാസോണിക് സൗണ്ട് പുറപ്പെടുവിക്കുന്ന ഉപകരണം നായ്ക്കളെ തുരത്താൻ വികസിപ്പിച്ചെടുത്തത്. നിയമപരമായ പ്രശ്നങ്ങൾ വന്നാലോ എന്ന് ആശങ്കയുള്ളതിനാൽ ഇത് ഇതുവരെ എവിടെയും സ്ഥാപിച്ചിട്ടില്ല.
http://www.manoramanews.com/nattuvartha/south/a-man-found-a-machine-to-control-stray-dog0.html
മനുഷ്യനു കേൾക്കാൻ കഴിയാത്തത്ര ഉച്ചത്തിലുള്ള 20,000 ഹെട്സിനു മുകളിലുള്ള അൾട്രാസോണിക് ശബ്ദമാണ് മെഷീനിൽ ഉപയോഗിച്ചിരിക്കുന്നത്. 40,000 ഹെട്സ് വരെയുള്ള ശബ്ദം 110 മുതൽ 130 വരെ ഡെസിബെൽ തീവ്രതയിലാണ് കേൾപ്പിക്കുക.
ഭക്ഷണാവശിഷ്ടങ്ങൾ കുന്നുകൂടുന്നിടത്താണ് തെരുവുനായ്ക്കൾ തമ്പടിക്കാൻ സാധ്യത. ഇത്തരം സ്ഥലങ്ങളിൽ ഈ യന്ത്രം പ്രവർത്തിപ്പിച്ചാൽ നായ്ക്കൾക്കു ശബ്ദശല്യം കൊണ്ട് സ്ഥലത്തു നിൽക്കാൻ കഴിയില്ല. ആയിരം ചതുരശ്ര അടി സ്ഥലത്തു നിന്നു വരെ നായ്ക്കൾ മാറിനിൽക്കുമെന്നാണ് രഞ്ജിത് പരീക്ഷിച്ചു കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം തുടർച്ചയായി കിട്ടാതാവുന്നതോടെ നായ്ക്കൾ പൂർണമായും ഇവിടം ഉപേക്ഷിക്കുമെന്നും രഞ്ജിത് പറയുന്നു.
നായ്ക്കളെ ഒരു വിധത്തിലും ശാരീരികമായി ഉപദ്രവിക്കാത്തതും വിഷരഹിതവുമാണു യന്ത്രം എന്നതാണു പ്രധാന പ്രത്യേകത. സ്കൂളുകളിലും കോഴി ഫാം പോലുള്ള ഇടങ്ങളിലും പരീക്ഷിക്കാവുന്ന സംവിധാനമാണിത്. നാലായിരം രൂപയാണു വില. കുറഞ്ഞ വൈദ്യുതി മതി. സോളർ പാനൽ ഘടിപ്പിച്ചും പ്രവർത്തിപ്പിക്കാം. നേരത്തെ ആനകളെ തുരത്താൻ കടുവകളുടെയും തേനീച്ചകളുടെയും ഇൻഫ്രാസോണിക് ശബ്ദം ഉപയോഗപ്പെടുത്തിയുള്ള രഞ്ജിത്തിന്റെ യന്ത്രം വനംവകുപ്പ് ശബരിമല, മറയൂർ, ആറളം തുടങ്ങിയിടങ്ങളിൽ സ്ഥാപിച്ചിരുന്നു. രഞ്ജിത്തിന്റെ ഫോൺ: 9495606086.
