മിനാ (സൗദി അറേബ്യ) ∙ മിനാ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. ഇന്നു രണ്ടു മലയാളികളുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞിരുന്നു. കൊല്ലം ചിതറ സ്വദേശി സുൽഫിക്കർ(33), പുനലൂർ സ്വദേശി സജീബ് ഹബീബ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
പാലക്കാട് വടക്കഞ്ചേരി പുതുക്കോട് അഞ്ചുമുറി കിഴക്കേത്തറ മൈതാക്കർ വീട്ടിൽ മൊയ്തീൻ അബ്ദുൽ ഖാദർ (62), മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാൻ (51) എന്നിവരുടെ മരണം കഴിഞ്ഞദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ഹജ് മിഷൻ പുറത്തുവിട്ട പട്ടികയിൽ ഇരുവരുടെയും പേരില്ല. ഇവർ സൗദിയിലെ ആഭ്യന്തര ഹജ് ഗ്രൂപ്പ് വഴി റിയാദിൽ നിന്നു പുറപ്പെട്ടവരായതാണു കാരണം.
നാലു മലയാളികളടക്കം 16 ഇന്ത്യക്കാർ പരുക്കേറ്റു ചികിൽസയിലാണ്. കാണാതായ 11 മലയാളികൾക്കായി അന്വേഷണം നടക്കുന്നു. വിവിധ രാജ്യക്കാരായ 717 പേരാണു കഴിഞ്ഞ ദിവസത്തെ അപകടത്തിൽ മരിച്ചത്.
കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾക്കു സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഹെൽപ്‌ലൈൻ: 00966 112125552.
