തിരുവനന്തപുരം: മദ്യനയത്തില്‍ വെള്ളാപ്പള്ളി നടേശനെ തള്ളി ശിവഗിരി മഠം. ശ്രീനാരായണീയര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല എസ്എന്‍ഡിപി യോഗത്തിന്റെ നയമെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനം വേണമെന്നാണ് മഠത്തിന്റെ നിലപാടെന്നും ഋതംബരാനന്ദ വ്യക്തമാക്കി.
എന്നാല്‍ മഠം ഉണ്ടായത് മദ്യരാജാക്കന്‍മാരുടെ പണം കൊണ്ടാണന്നും ആര് എന്ത് പറഞ്ഞാലുംഎസ്എന്‍ഡിപിക്ക് ഒരു ചുക്കുമില്ലെന്ന് വെളളാപ്പിളളി നടേശന്‍ പ്രതികരിച്ചു. മദ്യരാജാക്കന്‍മാരുടെ പണമില്ലെങ്കില്‍ മഠം ഇല്ല. അവരുടെ പണം കൊണ്ടാണ് മഠം വളര്‍ന്നത്. മദ്യനയം അപ്രായോഗികമാണെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല. ഇമേജ് സൃഷ്ടിക്കാനാണ് ശിവഗിരി മഠത്തിന്റെ ശ്രമം. മദ്യനയത്തെ എതിര്‍ത്തതിന്റെ പേരില്‍ തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്നും വെളളാപ്പിളളി പറഞ്ഞു.
മദ്യനയം വിജയിപ്പിക്കാന്‍ ശ്രീനാരായണീയര്‍ മുന്നിട്ടിറങ്ങണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ ശിവഗിരിയില്‍ ഗുരുസമാധി ദിനാചരണത്തില്‍ സംസാരിക്കുമ്പോള്‍ ആവശ്യപ്പെട്ടിരുന്നു.എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി തന്നെ സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് രംഗത്ത് വന്ന സാഹചര്യത്തിലാണ് സുധിരന്റെ പ്രസ്താവന. സര്‍ക്കാരിന്റെ മദ്യയനയം സുതാര്യമല്ലാത്തതും വീണ്ടുവിചാരമില്ലാത്തതുമാണെന്നും വെളളാപ്പളളി നടേശന്‍ വിമര്‍ശിച്ചിരുന്നു. ബാറുകള്‍ക്കെതിരെ വാളെടുത്ത ആദര്‍ശധീരനും തിരുമേനിമാരും 75 ശതമാനത്തിലധികം വില്‍പ്പന നടക്കുന്ന ബിവേറേജസ് ഔട്ട്‌ലെറ്റുകളെ കുറിച്ച് ഒരു അക്ഷരം പോലും മിണ്ടുന്നില്ലെന്നും വെളളാപ്പളളി വിമര്‍ശിച്ചിരുന്നു.
