ഹൈദരാബാദ്: എടിഎം കൗണ്ടറില്‍ നിന്നും 200 രൂപയെടുക്കാന്‍ ചെന്ന തൊഴില്‍ രഹിതനായ ചെറുപ്പക്കാരന് ലഭിച്ചത് 24 ലക്ഷം രൂപ. ഹൈദരാബാദ് സഞ്ജീവ് റെഡ്ഢി നഗറിലെ സ്റ്റേറ്റ് ബാങ്ക് ഹൈദരാബാദിന്റെ എടിഎം കൗണ്ടറിലാണ് സംഭവം നടന്നത്.
പണമെടുക്കാന്‍ ചെന്ന ലത്തീഫ് അലി കാര്‍ഡ് ഇട്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കണ്ടത് നോട്ടുമഴയായിരുന്നു. ഉടന്‍ തന്നെ ലത്തീഫ് പൊലീസിനെ വിളിച്ചു. പൊലീസ് വന്നപ്പോഴാണ് 24 ലക്ഷം രൂപയാണ് പുറത്തുവന്നതെന്ന് മനസിലായത്. എടിഎം കൗണ്ടറില്‍ സിസിടിവി ക്യാമറ പോലും ഉണ്ടായിരുന്നില്ല.
പൊലീസിന്റെ അറിയിപ്പ് ലഭിച്ച് ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തി. എടിഎം മെഷീനില്‍ പണം നിക്ഷേപിച്ച ഉദ്യോഗസ്ഥന്‍ കൃത്യമായി ലോക്ക് ചെയ്യാത്തതാണ് ഇത്രയും പണം ഒരുമിച്ച് പുറത്ത് വരാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ലത്തീഫ് സഞ്ജീവ് റെഡ്ഢി നഗറിലെ ഒരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച സുഹൃത്തുക്കളുമൊത്ത് എടിഎമ്മില്‍ പോയപ്പോഴാണ് സംഭവം നടന്നത്. കൗണ്ടറില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പോലും ഉണ്ടായിരുന്നില്ല. തന്റെ അക്കൗണ്ടില്‍ 500 രൂപയ്ക്ക് മുകളില്‍ പൈസയില്ലെന്നറിയാമായിരുന്ന അലി പരിഭ്രമിച്ചാണ് പൊലീസിനെ വിളിച്ചത്. ഏഴ് മിനിട്ടിനുള്ളില്‍ പൊലീസ് സ്ഥലത്തെത്തി.
തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് ഈ പണമുപയോഗിച്ച് എന്തുവേണമെങ്കിലും ചെയ്യാമായിരുന്നെന്നും അവര്‍ സത്യസന്ധതയുള്ളവരാണെന്നും പൊലീസ് പറഞ്ഞു. ലത്തീഫിനും സുഹൃത്തുക്കള്‍ക്കും പൊലീസ് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും നല്‍കി.

Advertisement

 
Top