പിതാവിനെ വകവരുത്തിയ മൃഗത്തോടും മനുഷ്യനോടും ഏറ്റുമുട്ടേണ്ടിവരുന്ന ഒരാള്‍. അയാള്‍ കാടിന്റെ വന്യതയില്‍ നിലനില്‍പ്പിനായി പൊരുതുന്നു. വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ ആദ്യ പകുതിയില്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത് ഉദ്വേഗഭരിതമായ കുറേ നിമിഷങ്ങളാണ്. പുലീയൂര്‍ എന്ന ദേശത്താണ് പുലിമുരുകന്റെ പോരാട്ടത്തിന്റെ കഥയുടെ ചുരുളഴിയുന്നത്.

തീയറ്റര്‍ പൂരപ്പറമ്പാക്കാന്‍ കെല്‍പ്പുള്ള മാസ് രംഗങ്ങളാല്‍ സമ്പുഷ്ടമായതാണ് ചിത്രം. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള രീതിയിലുള്ള രംഗങ്ങളും പൂങ്കായ് ശശി എന്ന കഥാപാത്രമായി വന്ന സുരാജിന്റെ ഹാസ്യരംഗങ്ങളും കാടിളക്കുന്ന പിലിമുരുകന്റെ പ്രകടനത്തിനൊപ്പം ഇഴ ചേര്‍ക്കാനാവാതെ വീര്‍പ്പുമുട്ടുന്നതായി തോന്നാം.

മലയാളത്തിലെ എണ്ണം പറഞ്ഞ പ്രതികാര സിനിമകളില്‍ അഭിനയിക്കാനായ നടനാണ് മോഹന്‍ലാല്‍. താഴ്വാരം, സീസണ്‍, ഉയരങ്ങളില്‍, പിന്‍ഗാമി തുടങ്ങിയവ. താഴ് വാരം, സീസണ്‍, ഉയരങ്ങള്‍ എന്നീ സിനിമകള്‍ മോഹന്‍ലാല്‍ നടന്‍ എന്ന നിലയില്‍ സൂക്ഷ്മാഭിനയത്തില്‍ ഒരു തരം അണ്ടര്‍ പ്‌ളേ സാധ്യമാക്കിയ ചിത്രങ്ങളുമായിരുന്നു.

പുലിമുരുകന്‍ തന്റെ കഷ്ട നഷ്ടങ്ങള്‍ക്ക് കണക്ക് ചോദിക്കാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വിരുന്നെത്തുമ്പോള്‍ മുന്‍കാലത്തെ മികച്ച പ്രതികാര ചിത്രങ്ങളുടെ പട്ടികയിലേക്ക് കയറുമോയെന്ന് കാത്തിരുന്ന് കാണാം. പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ മോഹന്‍ലാലിന്റെ മെയ് വഴക്കത്തിലൂടെ ശ്രദ്ധേയമാകുന്നുണ്ട്. ഛായാഗ്രാഹണത്തിലെ മിടുക്ക് പുലിമുരുകനില്‍ തെളിഞ്ഞ് കാണുന്നുണ്ട്. ഹെലി ക്യാം ഷോട്ടുകള്‍ ഛായാഗ്രഹണ മിടുക്കിന് തെളിവായി കാണാം. പശ്ചാത്തല സംഗീതത്തിലെ സൂക്ഷ്മതയും ചിത്രത്തിന് മുതല്‍കൂട്ടാകുന്നത് തന്നെ.

മോഹന്‍ലാല്‍ ആരാധകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 325 തീയറ്ററുകളിലാണ് റിലീസ് ചെയ്തത്. കേരളത്തില്‍ 160 തീയറ്ററുകളിലും കേരളത്തിന് പുറത്ത് 165 തീയറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. മള്‍ട്ടിപ്ലക്‌സ് ഒഴികെയുള്ള റിലീസ് കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്കാണ് ആദ്യ പ്രദര്‍ശനം നടന്നത്.

പഴശിരാജയ്ക്ക് ശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമാണ് പുലിമുരുകന്‍. 25 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍.

Advertisement

 
Top