മഴക്കാടുകളും അരുവികളും വെള്ളച്ചാട്ടവുമുള്ള അഞ്ചേക്കര്‍ ഭൂമി, ആസ്‌ത്രേലിയയിലെ ക്വീന്‍സ്ലാന്റിലാണ് ഈ സുന്ദരമായയിടം. കെയ്ന്‍സ് വിമാനത്താവളത്തില്‍ നിന്നും വിനോദസഞ്ചാരകേന്ദ്രമായ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്നും രണ്ട് മണിക്കൂര്‍ മാത്രമകലെ. ഒപ്പം ഒരുപാട് പക്ഷികളും മൃഗങ്ങളുമെല്ലാം. ആര്‍ക്കും കൊതിതോന്നുന്ന ഈ സ്വപ്‌നഭൂമിയില്‍ നിങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമിയും വീടും സൗജന്യമായി നേടാം. പക്ഷെ ഈ ജോലി നിങ്ങളേറ്റെടുക്കണമെന്ന് മാത്രം.



അഞ്ച് ഏക്കര്‍ ഭൂമിയും വീടും ആര്‍ക്കുവേണമെങ്കിലും സൗജന്യമായി നല്‍കാന്‍ തയ്യാറാണെന്ന പ്രഖ്യാപനവുമായെത്തിയിരിക്കുന്നത് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും മൃഗസ്‌നേഹിയുമായ ഹാരി കുന്‍സാണ്. ഈ അഞ്ച് ഏക്കര്‍ സ്ഥലത്ത് നിലവിലുള്ള മൃഗസംരക്ഷണകേന്ദ്രം നോക്കിനടത്താന്‍ തയ്യാറുള്ളവര്‍ക്കാണ് വീടും സ്ഥലും സൗജന്യമായി നല്‍കാന്‍ ഉടമ തയ്യാറായിരിക്കുന്നത്. ഈഗിള്‍ നെസ്‌റ്റെന്ന കുന്‍സിന്റെ കേന്ദ്രത്തില്‍, പരിക്കേറ്റ മൃഗങ്ങളുള്‍പ്പെടെയാണ് താമസിക്കുന്നത്. കേന്ദ്രം നോക്കി നടത്തിയിരുന്ന കുന്‍ഡസിന് വിരമിക്കാനാണ് ഈ ‘ഓഫര്‍’ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റതുള്‍പ്പെടെയുള്ള മൃഗങ്ങളാണ് ഇവിടെയുള്ളത്. അവരെ ജീവനുള്ളകാലത്തോളെ നോക്കാന്‍ തയ്യാറുള്ളവര്‍ക്ക് എല്ലാം നല്‍കാനാണ് ഹാരി കുന്‍സിന്റെ തീരുമാനം. ഒരേയൊരു നിബന്ധനയും കുന്‍സ് മുന്നോട്ട് വെക്കുന്നുണ്ട്, എന്നും ഈഗിള്‍സ് നെസ്റ്റ് മൃഗങ്ങളുടെ സംരക്ഷണ കേന്ദ്രമായി നിലനിര്‍ത്തണമെന്നതാണ് ഈ നിബന്ധന.

വളര്‍ത്തുമൃഗങ്ങളുമായി അടുത്ത് പെരുമാറുന്നവര്‍ക്കാകും മുന്‍ഗണന. മൃഗസംരക്ഷണത്തിനായുള്ള താല്‍പര്യവും, കേന്ദ്രം നോക്കി നടത്താനുള്ള കഴിവും തന്നെയാണ് പ്രധാനമായും നോക്കുന്നതെന്നും കുന്‍സ് പറയുന്നു. 1200ഓളം പരിക്കേറ്റതും അനാധരുമായ മൃഗങ്ങളാണ് കേന്ദ്രത്തിലുള്ളത്. വാഹനമിടിച്ചവയും, പൂച്ചയുടെയും പട്ടിയുടെയും ആക്രമണത്തിന് വിധേയമായ മൃഗങ്ങളും, വിഷവും കീടനാശിനിയും മൂലം അസുഖ ബാധിതരായ മൃഗങ്ങളും കേന്ദ്രത്തിലുണ്ട്. മൃഗസ്‌നേഹികളായ ദമ്പതികള്‍ക്കും, കുടുംബത്തിനും മുന്‍ഗണന നല്‍കും. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക്, കുന്‍സിന്റെ നേതൃത്വത്തില്‍ പരിശീലനവും നല്‍കും. എന്തായാലും നൂറുകണക്കിന് അപേക്ഷകളാണ് ഈ പരിസ്ഥിതി പ്രവര്‍ത്തകന് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.


Advertisement

 
Top