ഇരിട്ടി∙ മോഹൻലാൽ അഭിനയിച്ച പുലിമുരുകൻ സിനിമ കണ്ടു കൊണ്ടിരിക്കെ പ്രദർശനം നിലച്ചത് ഇരിട്ടി കൽപന ടാക്കീസിൽ സംഘർഷത്തിന് ഇടയാക്കി. കാണികളിൽ ചിലർ തിയറ്റർ എറിഞ്ഞു തകർത്തു. പൊലീസെത്തി നാലുപേരെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ 1.30ന്റെ ഷോ നടക്കുന്നതിനിടെയാണ് യുഎഫ്ഒ സംവിധാനത്തിൽ പ്രവർത്തിക്കുന്ന തിയറ്ററിൽ സാറ്റലൈറ്റ് ബന്ധം നിലച്ച് പ്രദർശനം തടസ്സപ്പെട്ടത്. ഇതോടെ പ്രകോപിതരായ കാണികളിൽ ചിലർ ടാക്കീസിന് പുറത്തെത്തി കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർക്കുകയായിരുന്നു. ജനൽ ഗ്ലാസുകളും കസേരകളും ടിക്കറ്റ് കൗണ്ടറും എറിഞ്ഞു തകർത്തു.
സാറ്റലൈറ്റ് ബന്ധം പുനഃസ്ഥാപിച്ച് വീണ്ടും സിനിമ തുടങ്ങിയപ്പോൾ ഇവർ വീണ്ടും ടാക്കീസിന് അകത്തു കയറി സിനിമ കാണുകയും ചെയ്തു. ടാക്കീസ് ജീവനക്കാരും സംഭവം കണ്ട സമീപത്തെ കച്ചവടക്കാരും പ്രകോപനം സൃഷ്ടിക്കാതെ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി അക്രമം നടത്തിയവരെ പിടികൂടുകയുമായിരുന്നു. ഇതിനിടയിൽ പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരു അക്രമിയെ പിന്തുടർന്ന് പിടികൂടി. ഇതിനു മുൻപും ഇവിടെ പ്രദർശനം നിലച്ച സംഭവവും ഇതേ തുടർന്ന് അക്രമ സംഭവവും ഉണ്ടായിരുന്നു. ടാക്കീസ് മാനേജർ ഷിബുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
