തിരുവനന്തപുരം∙ എടിഎം കാർഡിലെയും ക്രെഡിറ്റ് കാർഡിലെയും വിവരങ്ങളും പിൻ നമ്പറും ചോർത്തി പണം പിൻവലിക്കുന്ന തട്ടിപ്പു തടയാൻ ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ. ഐബി സ്മാർട് റിമോട്ട് എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും എടിഎം കാർഡും ക്രെഡിറ്റ് കാർഡും ബ്ലോക്ക് ചെയ്യുകയും അൺബ്ലോക്ക് ചെയ്യുകയുമാകാം.

പണം പിൻവലിക്കുന്നതിനു തൊട്ടുമുൻപ് കാർഡ് അൺബ്ലോക്ക് ചെയ്യാം. പണമെടുത്ത ശേഷം വീണ്ടും ബ്ലോക്ക് ചെയ്താൽ മറ്റാർക്കും അക്കൗണ്ടിൽ നിന്നു വ്യാജ കാർഡോ, ശരിക്കുള്ള കാർഡോ ഉപയോഗിച്ചു പണം പിൻവലിക്കാൻ കഴിയില്ല. പിൻവലിക്കാവുന്ന തുക എത്രയെന്നു നിജപ്പെടുത്താനും ആപ്ലിക്കേഷനിൽ വകുപ്പുണ്ട്. വെറും 10 സെക്കൻഡ് കൊണ്ട് ഇൗ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നതാണു മെച്ചം. ഒരു ആപ്ലിക്കേഷനിൽ ഒന്നിലേറെ കാർഡുകൾ ഉൾപ്പെടുത്തുകയുമാകാം.

ഇന്റർനെറ്റ് സൗകര്യമുള്ള ഫോണിൽ മാത്രമേ ആപ്ലിക്കേഷൻ ഉപയോഗിക്കാനാകൂ. ഗൂഗിൾ പ്ലേസ്റ്റോർ, ഐഒഎസ്, മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ഐബി സ്മാർട് റിമോട് ഡൗൺലോഡ് ചെയ്യാം. ഇന്ത്യൻ ബാങ്ക് ഇടപാടുകാർക്കു മാത്രമാണു റജിസ്റ്റർ ചെയ്ത് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയുകയെന്നു സോണൽ മാനേജർ എസ്. സുന്ദരരാജ് വ്യക്തമാക്കി.

Advertisement

 
Top