ട്രെയിൻ യാത്രക്കിടെ കാണാതായി മരിച്ചനിലയിൽ കണ്ടെത്തിയ ചേലക്കര സ്വദേശി അജിതയുടെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കുടുംബം. അജിത ട്രയിനിൽ നിന്ന് വീണ് മരിക്കാനോ ആത്മഹത്യ ചെയ്യാനോ സാധ്യതയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം അജിത പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ഭർത്താവ് മുരളീധരനും മകൾക്കുമൊപ്പം ട്രയിനിൽ സഞ്ചരിക്കുന്നതിനിടെ കാണാതായ അജിതയുടെ മൃതദേഹം ഉഡുപ്പി റയിൽവെ സ്റ്റേഷന് സമീപമാണ് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഇന്നലെ ഉച്ചയോടെ ചേലക്കര കിള്ളിമംഗലത്ത് അജിതയുടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. ഭർത്താവിനും മകൾക്കും ഒപ്പം അടുത്തടുത്ത ബർത്തിൽ ഉറങ്ങാൻ കിടന്ന അജിതയെ പുലർച്ചെ രണ്ട് മണിയോടെ ഭർത്താവ് എഴുന്നേറ്റ് നോക്കിയപ്പോളാണ് ഒപ്പമില്ലെന്ന് മനസിലായത്. ട്രയിനിൽ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഒട്ടേറെ തവണ ട്രയിനിൽ സഞ്ചരിച്ചിട്ടുള്ള അജിത അബദ്ധത്തിൽ വീഴാനുള്ള സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.

യാതൊരു കുടുംബപ്രശ്നങ്ങളുമില്ലായിരുന്നുവെന്നും ട്രയിനിൽ കയറുന്നതിന് മുൻപ് വരെ സന്തോഷത്തോടെ ഫോൺ വിളിച്ച അജിത ട്രയിനിൽ നിന്ന് സ്വയം ചാടാനുള്ള സാഹചര്യമില്ലെന്നും ബന്ധുക്കൾ ഉറപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാനാണ് തീരുമാനം. എന്നാൽ പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളോ ശരീരത്തിലെങ്ങും മറ്റ് മുറിവുകളോ കണ്ടിട്ടില്ല. മൃതദേഹം കണ്ട സ്ഥലം പരിശോധിച്ചതിൽ നിന്നും ട്രയിനിൽ നിന്ന് അബദ്ധത്തിൽ വീഴാനുള്ള സാധ്യത കൂടുതലാണെന്നും വിലയിരുത്തുന്നു. അതിനാൽ സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് റയിൽവെ പൊലീസ് അറിയിക്കുന്നത്.  

Advertisement

 
Top